താരാസ്‌പെഷ്യൽസ് 1968 ൽ പ്രസിദ്ധീകരിച്ച ബഷീർ കൃതിയാണ്. പാപ്പച്ചൻ, പോളി, പ്രേം രഖു എന്നെ സുഹൃത്തുക്കളുടെ കഥയാണിത്. പ്രേം രഖുവിൻ്റെ കൈവശം ഒരു സിഗരറ്റ് യന്ത്രം ഉണ്ടെന്ന് മനസിലാക്കിയ പോളിയും പാപ്പച്ചനും കൂടി രഖുവിൻ്റെ വീട് സന്ദർശിക്കുന്നതാണ് കഥാതന്തു.
പാവപ്പെട്ടവനായ പാപ്പച്ചൻ്റെതാണു സിഗരറ്റ് ഫാക്ടറി എന്ന ഐഡിയ. തൻ്റെ കാമുകിയായ താരയുടെ പേര് ഫാക്ടറിക്കിടുവാൻ പാപ്പച്ചൻ തീരുമാനിക്കുന്നു. പോളിയുടെ പ്രസ്തുതവധു ഏലിക്കുട്ടി, റിക്ഷാവണ്ടിക്കാരൻ പൈലോ, രഖുവിൻ്റെ ജോലിക്കാരൻ ചെങ്കിസ്ഖാൻ, ചെങ്കിസ്ഖാൻ്റെ സഹോദരി നളിനി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
കഥക്കിടയിലൂടെ പല സാമൂഹിക വിഷയങ്ങളും വിമർശനങ്ങളും ബഷീർ ഉയർത്തുന്നുണ്ട്. പുരോഗമനത്തിനു തടസം നിൽക്കുന്ന തൊഴിലാളി യൂണിയനുകളും ബിസ്സിനെസ്സിനു യോജിച്ചതല്ലാത്ത കേരളത്തിലെ സാമൂഹിക അവസ്ഥയും, കല്യാണങ്ങൾ സ്ത്രീധനത്തിലൂടെ ഒരു കച്ചവടമാക്കുന്ന അവസ്ഥയുമെല്ലാം ബഷീറിൻ്റെ തൂലികയിലൂടെ പരിഹസിക്കപ്പെടുന്നുണ്ട്.
പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വിളിച്ചോതുമ്പോഴും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രത്യാശ പുലർത്തുന്ന ബഷീറിനെ ഈ കഥയിൽ നമുക്ക് കാണാനാകുന്നുണ്ട്.