സമയം വൈകീട്ട് ആറു മണി. അപ്പവും പരിപ്പുകറിയും കൊണ്ട് അമ്മ വന്നു. “പരിപ്പ് ഗ്യാസ് ആണ്. എനിക്ക് വേണ്ട” എന്ന് ഞാൻ. ഗ്യാസിനുള്ള കഷായം മുകളിൽ ഇരിപ്പുണ്ടെന്ന് അമ്മ. രണ്ട് വെളുത്തുള്ളി കഴിച്ചാൽ മതിയെന്ന് പെങ്ങൾ. എന്തിനീ കഷ്ടപ്പാട് ഒക്കെ എന്ന വീണ്ടും ഞാൻ.

അവസാനം അപ്പം പരിപ്പും കൂടി അമ്മ വാരിത്തന്നു ഞാൻ തിന്നു തുടങ്ങി.
അതിൻ്റെ ഇടയിൽ കൂടി അപ്പം തിന്നാൻ പെങ്ങൾ വലിഞ്ഞുകേറി വന്നപ്പോൾ അവളെ കൊങ്ങക്ക് പിടിച്ചു ഓടിച്ചു. അന്നേരം ആണ് പണ്ട് ശിവൻ എന്ന നമ്മുടെ ദൈവത്തിൻ്റെ കൊരവള്ളിക്ക് പാർവതി കയറി പിടിച്ച കഥയെ പറ്റി ഓർത്തത്. കഥ ശരിക്ക് ഓർമ്മ വരുന്നില്ല. അത് ശെരിയല്ലല്ലോ, ആ കഥ പറയാൻ അമ്മയോട് പറഞ്ഞു.

“അത് പണ്ട് ശിവൻ കാളകൂട വിഷം കഴിച്ചപ്പോ പാർവതി കഴുത്തിന് പിടിച്ചതല്ലേ. അതുകൊണ്ട് ആണ് ശിവൻ്റെ കഴുത്തിന് നീല കളർ “
അത് എനിക്ക് അറിയാവുന്നതാണ്. അങ്ങേരെ അതുകൊണ്ട് നീലകണ്ഠൻ എന്നും വിളിക്കുന്നുണ്ട്. അതല്ല, എൻ്റെ ഡൗട്ട് ഈ വിഷം എന്തിനാണ് പുള്ളി വിഴുങ്ങിയതെന്നാണ്.

“അത് പാലാഴി കടഞ്ഞപ്പോ കിട്ടിയ വിഷം ആണ്” – പെങ്ങൾ. പാലാഴി കടഞ്ഞപ്പോ അമൃത് ആണ് കിട്ടിയത് എന്നാണ് എൻ്റെ അറിവ്. വിഷം കിട്ടാൻ ഇവർ എന്തിന് കഷ്ടപ്പെട്ട് കടയാൻ പോകണം. പെങ്ങളെ പിന്നെയും ഓടിച്ചു.

“പാലാഴി കടഞ്ഞപ്പോ വാസുകിയുടെ വായിൽ നിന്ന് വന്ന വിഷം ആണ് കാളകൂട വിഷം”, അമ്മ പറഞ്ഞു,”പണ്ട് വാസുകിയെ വെച്ചാണല്ലോ കടഞ്ഞത്”.

അപ്പൊ സംഗതി അങ്ങനെ ആണ്. ഈ പാലാഴി കടയാൻ പറ്റിയ കോലും കയറും ഒന്നും ദേവന്മാർക്കു കിട്ടിയില്ല. അപ്പൊ, അവിടെ കിടന്ന ഒരു മന്ദര പർവതം എടുത്ത് കടയാനുള്ള കോൽ ആക്കി. കയർ തപ്പി നടന്നപ്പോൾ ആണ് ശിവൻ്റെ കഴുത്തിൽ കിടക്കുന്ന വാസുകി എന്ന പാമ്പിനെ കണ്ടത്. ഉടനെ എടുത്ത് കെട്ടി അങ്ങ് കടഞ്ഞു തുടങ്ങി. പാവം വാസുകിയുടെ പരിപ്പ് ഇളകിയപ്പോൾ കാളകൂട വിഷം വായിൽ നിന്ന് തെറിച്ചു.

“ഈ മന്ദര പർവതം അല്ലെ പണ്ട് ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരാൻ പൊക്കിക്കൊണ്ട് പോയത്?” – പെങ്ങൾ പിന്നെയും. അത് വേറെ ഏതോ കുന്ന് ആണ്. ഇവൾ പുരാണം മാറ്റി എഴുതാനുള്ള ശ്രമം ആണ്.

“ഓക്കെ, വിഷം വന്നു. അത് ശിവൻ എടുത്ത് കുടിക്കേണ്ട കാര്യം എന്താണ്?”
“അത് ഭൂമിയിൽ വീണാൽ ജീവജാലങ്ങളൊക്കെ മരിച്ചു പോകും, അത് കൊണ്ട് ശിവൻ അത് അങ്ങ് കുടിച്ചു”- അമ്മ.

വേണ്ടാത്ത പണി ആയിപ്പോയി. ഒരു ബക്കറ്റിൽ കളക്റ്റു ചെയ്യേണ്ട കാര്യമേ ഉള്ളൂ. പിന്നെ വേലിയിൽ കിടക്കേണ്ട പാമ്പിനെ ഒക്കെ കഴുത്തിൽ ഇട്ടു കൊണ്ട് നടക്കുന്ന ആളാണ്. പറഞ്ഞിട്ട് കാര്യമില്ല.

“ഈ പാലാഴി സ്വർഗത്തിൽ അല്ലെ. അപ്പൊ വിഷം എങ്ങനെ ആണ് ഭൂമിയിൽ വീഴുക? അത് അവിടെ അല്ലെ വീഴൂ?”- പെങ്ങളുടെ സംശയം.
“അത് അവിടെ ഒന്നും വീഴൂല. വേണ്ടാത്ത ചോദ്യം ഒന്നും ചോദിക്കാതെ വിളക്ക് കത്തിക്കെടീ” എന്ന് അമ്മൂമ്മ.

കഥ ഒക്കെ കഴിഞ്ഞു. അപ്പവും പരിപ്പുകറിയും തീർന്നു. പെങ്ങൾ പോയി നിലവിളക്കു കത്തിച്ചു വെച്ചു നാമം ചൊല്ലി തുടങ്ങി, “ശ്രീ നീലകണ്ഠയ നമഃ ശിവായ”. ശുഭം.

Share This Post

Share on whatsapp
Share on facebook
Share on twitter
Share on google
Share on pinterest