ഒരു ദേശത്തിൻ്റെ കഥ

oru deshathinte kadha cover image

ഒരു ദേശത്തിൻ്റെ കഥ, എസ്.കെ.പൊറ്റെക്കാട്ടിൻ്റെ ആത്‌മകഥാപരമായ, ഏറ്റവും പ്രശസ്തമായ നോവൽ ആണ്. ജ്ഞാനപീഠവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയ ഈ പുസ്‌തകം 1971 ലാണ് പ്രസിദ്ധീകരിച്ചത്. പൊറ്റെക്കാട്ടിൻ്റെ സ്വന്തം ജീവിതം തന്നെ ആണ് ഈ നോവലിലൂടെ പറഞ്ഞിരിക്കുന്നത്. നാടും വീടും സംസ്കാരവും എല്ലാം അതിരാണിപ്പാടം എന്ന ഗ്രാമത്തെ മുൻനിർത്തി കഥാകാരൻ ചിത്രീകരിച്ചിരിക്കുന്നു.

ശ്രീധരൻ ആണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. കഥകളും കവിതകളും ഇഷ്ടപെടുന്ന ശ്രീധരൻ്റെ അതിരാണിപ്പാടത്തെയും ഇലഞ്ഞിപ്പൊയിലിലെയും കുട്ടിക്കാലം തൊട്ട് കഥ തുടങ്ങുന്നു. കൃഷ്ണൻ മാസ്റ്റർ എന്ന ഇംഗ്ലീഷ് ടീച്ചറുടെ പുത്രനാണ് ശ്രീധരൻ.( കുഞ്ഞിരാമൻ എന്ന ഇംഗ്ലീഷ് ടീച്ചറുടെ മകനാണ് എസ്.കെ.പൊറ്റെക്കാട്ട് ).

ഒരു കഥ എന്നതിനേക്കാളും ഒരു കൂട്ടം കഥകൾ എന്ന് ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാം. തൻ്റെ നാട്ടിൽ പൊറ്റെക്കാട്ട് കണ്ടുവളർന്ന വ്യക്തികളുടെ ജീവിതങ്ങളാണ് ഈ നോവലിൽ പുനർജ്ജനിക്കുന്നത്. ഞണ്ടുഗോവിന്ദനും, ആധാരം ആണ്ടിയും, മീശകണാരനും, കുഞ്ഞിക്കേളുമേലാനും, കുളൂസ് പറങ്ങോടനും, ശകുനികമ്പോണ്ടറും, ഉസ്താദ് വെടിവാസുവും , ആശാരി നീലാണ്ടനും അടങ്ങുന്ന ഒരു നീണ്ട കഥാപാത്രനിര തന്നെ ഈ നോവലിലുണ്ട്. നാടുവിട്ടു പോയി മൂന്ന് പതിറ്റാണ്ടിനു ശേഷം എം.പി ആയി തിരിച്ചു നാട്ടിലേക്ക് വരുന്ന അനുഭവവും പൊറ്റെക്കാട്ട് വിവരിക്കുന്നു.

ഹാസ്യത്തിൽ പൊതിഞ്ഞാണ് പച്ചയായ ജീവിതാനുഭവങ്ങൾ പൊറ്റെക്കാട്ട് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചു തുടങ്ങിയാൽ താഴെ വെക്കാൻ തോന്നാത്ത, വായിച്ചു മടുക്കാത്ത പുസ്‌തകം. കുഞ്ഞാണ്ടിയുടെ കഥകളും സപ്പർസർകീട്ടുസംഘത്തിൻ്റെ പ്രവർത്തങ്ങളുമെല്ലാം ആരെയും ചിരിപ്പിക്കാൻ പോന്നതാണ്.

പൊറ്റെക്കാട്ട് എഴുതിയ കവിതകളാണ് ഈ പുസ്‌തകത്തിൻ്റെ മറ്റൊരു ആകർഷണം. കവിതയെ സ്നേഹിച്ച, ജീവിതാനുഭവങ്ങൾ കവിതകളാക്കിയ ആ ചെറുപ്പക്കാരൻ്റെ അനേകം കവിതകൾ ഈ കൃതിയിലൂടെ വായനക്കാരിലേക്കെത്തുന്നു. പ്രകൃതിയുമായി താദാദ്മ്യം പ്രാപിച്ചു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ കഥകൾ നർമത്തിൽ പൊതിഞ്ഞു ശ്രീധരൻ്റെ ചിന്തകളിലൂടെയും കവിതകളിലൂടെയും ഇവിടെ രചിക്കപ്പെട്ടിരിക്കുന്നു.

Share This Post

Get New Content Delivered Directly to your Inbox