നാലുകെട്ട്

nalukett cover image

മലയാളികളുടെ പ്രിയപ്പെട്ട എം ടിയുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. 1958 ഇൽ ആണ് നാലുകെട്ട് പ്രസിദ്ധീകരിക്കുന്നത്. വർണ്ണ ജാതി വിവേചനവും തകരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയുമെല്ലാം ഈ നോവലിൽ എം ടി ചിത്രീകരിക്കുന്നു.

അപ്പുണ്ണി ആണ് കേന്ദ്രകഥാപാത്രം. അപ്പുണ്ണിയുടെ കുട്ടിക്കാലം തൊട്ട് യൗവനം വരെ ഉള്ള കാലഘട്ടം ആണ് നോവലിൽ ഉള്ളത്. വടക്കേപ്പാട്ടു തറവാട്ടിൽ നിന്നും ഇറങ്ങിപോരുന്ന അമ്മുകുട്ടിയുടെ മകനാണ് അപ്പുണ്ണി. അവൻ്റെ കുട്ടിക്കാലവും പിന്നീട് തറവാട്ടിലേക്കുള്ള മടക്കവും പഠനവും ജോലിയുമെല്ലാം അന്ന് നിലനിന്നിരുന്ന സംസ്കാരത്തിൻ്റെ തനിമ വിട്ടുപോകാതെ എം ടി പുനചിത്രീകരിക്കുന്നു. വലിയമ്മാമ്മയും, അമ്മിണിയേടത്തിയും, മാളുവും, കുട്ടമ്മാമ്മയും, സെയ്താലികുട്ടിയും, മീനാക്ഷിയേടത്തിയുമെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്.

തകരുന്ന നായർ കൂട്ടുകുടുംബ വ്യവസ്ഥിതിക്കും പ്രതാപത്തിനും ഒപ്പം വരുന്ന സാമൂഹ്യ മാറ്റങ്ങളും നോവലിൽ എം ടി അവതരിപ്പിക്കുന്നു. ഇഷ്ടപെട്ട കോന്തുണ്ണിനായരുടെ കൂടെ ഇറങ്ങിപ്പോകുന്ന അമ്മുക്കുട്ടിയും, പിന്നീട് വിധവയായ അമ്മുകുട്ടിയെ സ്വീകരിക്കുന്ന ശങ്കുണ്ണി നായരും, ജാതിയുടെ അതിർവരമ്പുകൾ ഭേദിച്ചു സഹായഹസ്തം നീട്ടുന്ന സെയ്താലികുട്ടിയും എല്ലാം ഈ മാറുന്ന സമൂഹത്തിൻ്റെ സൂചനകളാണെന്നു കാണാം. പിന്നീട് അമ്മുക്കുട്ടിയും ശങ്കരൻനായരും തിരികെ തറവാട്ടിലേക്ക് വരികയും ഭഗവതി കുടികൊള്ളുന്നുവെന്നു വിശ്വസിക്കുന്ന ആ തറവാട് പൊളിച്ചു കളയാം എന്ന് അപ്പുണ്ണി പറയുകയും ചെയ്യുന്നിടത് ആ സാമൂഹ്യ മാറ്റം പൂർത്തിയാകുന്നു.

ഒരു ഹിന്ദു നായർ കുടുംബത്തിൻ്റെ പ്രതാപകാലഘട്ടവും അതിൻ്റെ പതനവും ആ സംസ്കാരത്തിൻ്റെ തനിമ വിട്ടുപോകാതെ ആവിഷ്കരിച്ചിരിക്കുന്നതിലാണ് ഈ നോവലിൻ്റെ വിജയം. അത് തന്നെ ആണ് നാലുകെട്ടിനെ മലയാളത്തിലെ ക്ലാസിക് നോവലുകളിൽ ഒന്നാക്കുന്നതും.

Share This Post

Get New Content Delivered Directly to your Inbox