മുത്തപ്പൻ

പുട്ടും മുട്ടയും വറുത്തരച്ച കോഴിയും പപ്പടവും മുത്തപ്പൻ്റെ നടയിൽ വലിയ തളികകളിൽ വെച്ചുകഴിഞ്ഞു. കോഴിയുടെ മണം മാസ്കിനിടയിലൂടെ പല മൂക്കുകളിലേക്കും എത്തുന്നുണ്ട്. ചുമന്ന മുണ്ടു ധരിച്ച് ചുമന്ന തോർത്തു തോളിലിട്ട് ചുമന്ന തുണി വിരിച്ച കസേരയിലിരുന്നു രാമൻ മുത്തപ്പൻ്റെ നടയിൽ വെളിച്ചപ്പാട് പൂജ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരിയായ അമ്മൂമ്മ ഭക്തിയോടെ നോക്കിനിൽക്കുന്നുണ്ട്. ആദ്യമായിട്ടാണ് കലശത്തിനു വരുന്നതെങ്കിലും സാധാരയിൽ കവിഞ്ഞ ഭക്തി പെങ്ങളുടെ മുഖത്തും കാണാം.

മുത്തപ്പനോട് കുറച്ചു കൂടുതൽ ഭക്തി തോന്നുന്നതിൽ തെറ്റില്ലെന്നാണ് അമ്മൂമ്മയുടെ സ്റ്റാൻഡ്. അതിശക്‌തരായ ആര്യൻ ദൈവങ്ങളോട് കിട പിടിക്കാനാകുമോ എന്ന് സംശയമാണെങ്കിലും സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനീ മുത്തപ്പൻ മതി. പണ്ട് വാഴയില വെട്ടിയിട്ട് അതിൽ പുഴ കടന്നിട്ടുള്ള ആൾക്കാരാണ് രാമൻ മുത്തപ്പനും മാരായി മുത്തപ്പൻ, പെരിഞ്ചേരി മുത്തപ്പൻ എന്നീ രണ്ട് സുഹൃത്-മുത്തപ്പന്മാരും. ഉഗ്രപ്രതാപികളാണെന്നതിൽ സംശയിക്കേണ്ട കാര്യമില്ല.

അപ്പാപ്പനും കൈയിലൊരു ബക്കറ്റും ആയി നില്പുണ്ട്. ബക്കറ്റ് കലശം കഴിയുമ്പോൾ പുട്ടും കോഴിയും വാങ്ങാനാണ്. അപ്പാപ്പൻ്റെ അപ്പാപ്പൻ്റെ അപ്പാപ്പനായിരുന്നത്രെ ശ്രീമാൻ രാമൻ മുത്തപ്പൻ. സസ്യാഹാരികളായ മറ്റു ദൈവങ്ങൾ വസിക്കുന്ന പ്രധാന ക്ഷേത്രത്തിൽ നിന്ന് മാറി ഒരു ചെറിയ ഉപ-ക്ഷേത്രത്തിലാണ് രാമൻ മുത്തപ്പനെ കുടിയിരുത്തിയിരിക്കുന്നത്.

പൂജ ചെയ്തിരുന്ന വെളിച്ചപ്പാട് ഉറഞ്ഞു തുള്ളാൻ തുടങ്ങിയിരിക്കുന്നു. തുള്ളിക്കൊണ്ട് പുള്ളി ഒരു കത്തിനിൽക്കുന്ന തിരി വിളക്കിൽനിന്നെടുത്തു വായിലേക്കിട്ടു. ഒരു ചൂരലെടുത്തു സ്വന്തം നെറുകയിൽ പൊതിരെ തല്ലി. മുത്തപ്പൻ വെളിച്ചപ്പാടിൻ്റെ ദേഹത്തു കയറിക്കഴിഞ്ഞിരിക്കുന്നു. ഇനി ഓരോരുത്തരെ ആയി മുത്തപ്പനാകുന്ന വെളിച്ചപ്പാട് വിളിക്കും – വിഷമങ്ങൾ ചോദിക്കും, പരിഹാരങ്ങൾ പറഞ്ഞുകൊടുക്കും.

പെങ്ങൾ ആൾക്കാരെ തളളിമാറ്റി മുത്തപ്പൻ്റെ മുൻപിലേക്ക് ചെന്നു. മുത്തപ്പൻ നീണ്ട ഏമ്പക്കങ്ങൾ വിട്ടു കൊണ്ട് നിൽക്കുകയാണ്. ഏമ്പക്കങ്ങളിലൂടെ ആണ് മുത്തപ്പൻ വെളിച്ചപ്പാടിൻ്റെ ശരീരത്തിൽ കയറുന്നത്. മുത്തപ്പൻ ചുമന്ന കണ്ണുരുട്ടി ചോദിച്ചു,”മ്മ്മ്മ്, എന്തോ ഒരു ആഗ്രഹം സാധിക്കാനുണ്ടല്ലോ,മ്മ്മ്, ഇല്ലേ?”. പെങ്ങൾ തലയാട്ടി. മുത്തപ്പൻ ഒരു നുള്ളു പൂവും ഭസ്മവും ഒരു കർപ്പൂരവും കൂടി കയ്യിലെടുത്തു അതിലേക്ക് ഒരു ഏമ്പക്കവും വിട്ടിട്ട് പെങ്ങളുടെ കൈയിൽ കൊടുത്തു. എന്നിട് പറഞ്ഞു,”ഇത് വീടിൻ്റെ ഉമ്മറ പടിയിൽ നിന്നും രണ്ട് അടി കിഴക്കോട്ടു മാറി ഒരു കുഴി എടുത്തിട്ട് അതിലിടണം. ഇടില്ലേ, മ്മ്മ്? എന്നിട്ട് കർപ്പൂരം കത്തി തീരുമ്പോൾ കുഴി അടച്ചോളൂ. എല്ലാം ശെരി ആകും. മ്മ്മ്, പൊക്കോ.” പെങ്ങൾ അത് ഒരു വാഴയിലയിൽ പൊതിഞ്ഞു കെട്ടി കയ്യിൽ പിടിച്ചു.

എല്ലാവരും കൂടി കുമാരൻ ചേട്ടൻ്റെ ഓട്ടോയിലേക്ക് കയറി. ഒരു സോഡാക്കുപ്പി കണ്ണട വെച്ച കുമാരൻ ചേട്ടന് വൈകീട്ടായാൽ കാര്യമായി ഒന്നും കാണില്ലെന്ന് ഒരു ജനസംസാരം ഉണ്ടെങ്കിലും വീട്ടുകാർ അത് കാര്യമാക്കാറില്ല. ഓട്ടോയിൽ വെച്ചു വാഴയില കണ്ടിട്ട് പെങ്ങളോട് അപ്പാപ്പൻ ചോദിച്ചു, “പരീക്ഷക്ക് ജയിക്കാൻ മുത്തപ്പൻ തന്നതാണോ ഇത്?”. അപ്പാപ്പൻ്റെ കൈയിലുള്ള ബക്കറ്റിലേക്ക് നോക്കിയിട്ട് പെങ്ങൾ പറഞ്ഞു,” ഏയ്, ഞാൻ കൊറോണ വന്നേപ്പിന്നെ ചിക്കൻ തിന്നിട്ടില്ല. ആ ആഗ്രഹം സാധിക്കാൻ വേണ്ടി മുത്തപ്പൻ തന്നതാ. എന്താ ഈ ബക്കറ്റില്?”. പെങ്ങൾ പറഞ്ഞുതീർന്നതും കുമാരൻചേട്ടൻ്റെ ഓട്ടോ ഒരു വൻ ഗട്ടറിൽ ചാടിയതും ഒന്നിച്ചായിരുന്നു. അപ്പാപ്പൻ്റെ കൈവിട്ട് ബക്കറ്റ് പറന്നു. പുട്ടും കോഴിയും പപ്പടവും മുട്ടയും കൂടി ടാറിട്ട റോട്ടിൽ പൂക്കളം ഇട്ടു. പൊരിച്ച കോഴിയെ പറപ്പിക്കുന്ന മുത്തപ്പന് പെങ്ങളുടെ ആ ലോക്കൽ ആഗ്രഹം ഇഷ്ടപ്പെട്ടില്ല. അന്ന് പുള്ളി പറപ്പിച്ചത് ആ ബക്കറ്റിലെ കോഴിയെയായിരുന്നു.

Share This Post

Get New Content Delivered Directly to your Inbox