Share This Post
ജന്മദിനം

1945 ൽ പ്രസിദ്ധീകരിച്ച ബഷീറിൻ്റെ ചെറുകഥാസമാഹാരമാണ് ജന്മദിനം. ജന്മദിനം, ഐഷുക്കുട്ടി, ടൈഗർ, നൈരാശ്യം, കള്ളനോട്ട്, ഒരു ചിത്രത്തിൻ്റെ കഥ, സെക്കൻഡ് ഹാൻഡ്, ഒരു ജയിൽപ്പുള്ളിയുടെ ചിത്രം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
നർമത്തിലൂടെ കഥ പറയുന്ന ബഷീറിനേക്കാൾ ജീവിതത്തിൻ്റെ പച്ചയായ യാഥാർഥ്യങ്ങൾ വെട്ടിതുറന്നുകാട്ടുന്ന ബഷീറിനെയാണ് ഈ കഥകളിൽ കാണുവാനാകുക.
ജന്മദിനം തൻ്റെ പിറന്നാളിന് ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ തൻ്റെ അനുഭവത്തിലൂടെ ബഷീർ പറയുന്ന കഥയാണ്.
പൊള്ളയായ പൊങ്ങച്ചത്തിനു വേണ്ടി തൻ്റെ പ്രസവത്തിനു ഡോക്ടർ വരണമെന്ന് വാശിപിടിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഐഷുകുട്ടി.
കഥാകാരൻ്റെ ജയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയതാണ് ടൈഗർ. ജയില്പുള്ളികളെക്കാൾ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരു പോലീസ് സ്റ്റേഷനിലെ നായയുടെ കഥയാണ് ടൈഗർ.
മരണാസന്നനായ ഒരു മഹാൻ തൻ്റെ മരണത്തിനു തൊട്ടുമുൻപ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേ ഒരു നൈരാശ്യം തുറന്നു പറയുന്ന കഥയാണ് നൈരാശ്യം.
കള്ളനോട്ട് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ വീണുപോയ ഒരു കുടുംബത്തിന് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കഥയാണ്.
ഒരു ചിത്രത്തിൻ്റെ കഥ എന്നത് രണ്ടു കൊലപാതകങ്ങളെ ആസ്പദമാക്കി ഒരു ചിത്രകാരൻ ഒരു ചിത്രം വരക്കുന്നതിൻ്റെ കഥയാണ്.
തൻ്റെ വീട്ടിലേക്ക് തുണയില്ലാതെ കയറിവരുന്ന ഒരു യുവതിക്ക് ഒരു യുവാവ് അഭയം കൊടുക്കുന്ന കഥയാണ് സെക്കൻഡ് ഹാൻഡ്.
ജയിലിലെ ഭീകരാവസ്ഥയും സ്വാതന്ത്യ സമരത്തിനായി യുവതീയുവാക്കൾ അനുഭവിച്ച പീഡനങ്ങളുടെയും നേർക്കാഴ്ചയാണ് ഒരു ജയില്പുള്ളിയുടെ ചിത്രം എന്ന കഥ.
സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ട ഈ കഥകൾ നർമത്തിൽ ചാലിച്ച ബഷീർ കഥകൾ വായിച്ചു പരിചയപെട്ടവർക്ക് വ്യത്യസ്തമായ വായനാനുഭവം പകരുന്നവയാണ്.