Share This Post
ഹിഗ്വിറ്റ

കഥാകൃത്തും ഫുട്ബോൾ കോളംനിസ്റ്റും ഐ.എ.എസ് ഓഫീസറും ആയ എൻ.എസ്.മാധവൻ്റെ ഹിഗ്വിറ്റ എന്ന പേരിലുള്ള ചെറുകഥാസമാഹാരം 1990 ലാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്‌തകത്തിലെ ഹിഗ്വിറ്റ എന്ന കഥ ഓടക്കുഴൽ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടുകയുണ്ടായി.1990 ഫുട്ബോൾ ലോകകപ്പിലെ കൊളംബിയൻ ഗോൾകീപ്പർ ആയിരുന്ന ഹിഗ്വിറ്റ കഥയിലെ പ്രധാന കഥാപാത്രമായിരുന്ന ഗീവർഗീസച്ചനെ സ്വാധീനിച്ചതുപോലെ ഒരു പതിറ്റാണ്ടു നീണ്ട എൻ.എസ്.മാധവൻ്റെ റൈറ്റേഴ്സ് ബ്ലോക്കിനും അറുതി വരുത്തി.
ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എൻ്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ എന്നിങ്ങനെ ഏഴു കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്. ഈ കഥാസമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥ ഗീവർഗീസച്ചൻ്റെ കഥയായ ഹിഗ്വിറ്റ തന്നെയാണ്. ഫുട്ബോളിലെ ഗോളികളെ സ്നേഹിക്കുന്ന ഗീവർഗീസച്ചൻ തനിക്കു ചുറ്റും പല രൂപത്തിൽ അവരെ കാണുന്നു, എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട് രണ്ടു കൈകളും ഉയർത്തി പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന അവരുടെ ഏകാന്തതയെ ആരാധിക്കുന്നു. ഒന്നാം നമ്പർ ജേർസിയിട്ടു പല പന്തുകളും തട്ടിമാറ്റുന്ന കർത്താവായും മാനം മുട്ടുന്ന ഏകാന്തതയിൽ കവണയിൽനിന്ന് വരുന്ന പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോലിയാതായും ആ ഗോളി മാറുന്നുണ്ട്.
പിന്നീട്, “താണ്ഡവത്തിനു മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍മുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഗോളികൾക്കൊരു അപവാദമായി” വന്ന ഹിഗ്വിറ്റയെ അച്ചൻ ശ്രദ്ധിക്കുന്നു. ഗോളികളുടെ സ്ഥായിയായ ധർമ്മമായ ദൃക്സാക്ഷിത്വം വിട്ട് “പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ, ഗോളികള്‍ ഇന്നുവരെ കാണാത്ത മൈതാനത്തിന്‍റെ മധ്യത്തിലേക്ക് പന്ത് ഇടംവലം പാളിച്ച് മുന്നോട്ടു നീങ്ങുന്ന” ഹിഗ്വിറ്റയെ പോലെ ഗീവർഗീസച്ചൻ തൻ്റെ സ്കൂട്ടർ റോഡിലൂടെ ഇടംവലം പാളിച്ച് കൊണ്ട് ലൂസി എന്ന ആദിവാസി പെൺകുട്ടിയെ ശല്യപ്പെടുത്തുന്ന ജബ്ബാറിനെ നേരിടാൻ പുറപ്പെടുന്നു. യാതൊരു ഗൃഹാതുരത്വവും കൂടാതെ പതിയെ ഗോൾപോസ്റ്റിലേക്ക് മടങ്ങുന്ന ഹിഗ്വിറ്റയെ പോലെ ജബ്ബാറിനെ കീഴ്പെടുത്തി ശാന്തനായി അച്ചൻ തൻ്റെ വീട്ടിലേക്ക് മടങ്ങുന്നിടത്തു കഥ അവസാനിക്കുന്നു.