പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായ ബഷീറിൻ്റെ ആദ്യ കൃതിയാണ് പ്രേമലേഖനം. 1943 ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കെ ആണ് ബഷീർ ഈ കഥ എഴുതുന്നത്. പ്രേമലേഖനം മിശ്രവിവാഹത്തെ പരോക്ഷമായി പിന്തുണച്ചിരുന്നതിനാലായിരിക്കണം 1944 ൽ ഈ പുസ്തകം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു.
ഹാസ്യമായാണ് ഈ കൃതിയിലെ സ്ഥായിയായ രസം. കേശവൻ നായരും സാറാമ്മയും മാത്രമേ കഥാപാത്രങ്ങളായിട്ടുള്ളൂ. അവർക്കിടയിലുള്ള സംഭാഷണങ്ങളും പിന്നീട് അവർ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കുന്നതുമാണ് കഥ. ജാതിമതത്തെയും സ്ത്രീധനത്തെയുമൊക്കെ ബഷീർ ഒളിഞ്ഞു നോക്കി പരിഹസിക്കുന്നുണ്ട്.
“ജീവിതം യൗവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തിൽ” എന്ന് തുടങ്ങുന്ന പ്രേമലേഖനം കേശവൻ നായർ സാറാമ്മക്ക് എഴുതുന്നിടത്താണ് കഥ തുടങ്ങുന്നത്. സ്ത്രീധനം എന്നത് പെണ്ണിനെ സംരക്ഷിക്കാം ആണിന് കൊടുക്കുന്ന കൈക്കൂലി ആണെന്ന് പറയുന്ന സാറാമ്മയിലൂടെയും നമ്മുടെ കുഞ്ഞുങ്ങൾ മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയും പാമ്പുകളെപ്പോലെയും ചീങ്കണ്ണികളെപ്പോലെയും നിർമതരായി വളരട്ടെ എന്ന് പറയുന്ന കേശവൻ നായരിലൂടെയും സമൂഹത്തിനു നേർക്കുള്ള ഒരു കണ്ണാടിയായി ഈ കൃതി മാറുന്നു. നർമത്തിലൂടെ കഥയും കാര്യവും പറയുന്ന ബഷീറിൻ്റെ ഒരു മനോഹര സൃഷ്ടി.