1952 ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതിയാണ് വിശ്വവിഖ്യാതമായ മൂക്ക്. മൂന്നു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചു പ്രേമകഥ എന്നിവയാണവ.
വിശ്വവിഖ്യാതമായ മൂക്ക് ഒരു ആക്ഷേപഹാസ്യരചനയാണ്. ഒരു സാധാരണ പാചകത്തൊഴിലാളിക്കു മൂക്കിന് നീളം വെക്കുന്നതും തുടർന്നുള്ള സംഭവപരമ്പരകളുമാണ് കഥ. നവമാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും തൊഴിലാളി സംഘടനകളെയും പൊതുജനമനോഭാവത്തെയും ഉന്നം വെക്കുന്ന സാമൂഹിക വിമർശനമാണ് ഈ കൃതിയിൽ കാണുവാൻ സാധിക്കുന്നത്. താരപരിവേഷത്തിനായി കൊതിക്കുന്ന വ്യക്തിമനോഭാവത്തെയും ബഷീർ ലക്ഷ്യമിടുന്നുണ്ട്. മൂക്കശ്രീ മൂക്കൻ എന്നാണ് ബഷീർ ഈ കഥയിലെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേര്.
നീതിന്യായം എന്നതും ഒരു സാമൂഹിക വിമർശനമാണ്. ഇസ്ലാം മതത്തിലെ മൊഴിചൊല്ല ലിനെതിരെ ശബ്ദമുയർത്തുന്ന കഥയാണിത്. ഒരു കൊച്ചു പ്രേമകഥ എന്ന കൃതി ബഷീറിൻ്റെ യൗവനത്തിൽ നടന്ന ഒരു പ്രേമകഥയാണ് വിവരിക്കുന്നത്.