ആനവാരി രാമന്നായരും പൊൻകുരിശു തോമയും ബഷീറിൻ്റെ രണ്ടു പ്രശസ്ത കഥാപാത്രങ്ങളാണ്. 1953-ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം ഈ കഥാപാത്രങ്ങളുടെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.
“ലോകത്തിൻ്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നുകയാണെങ്കിൽ ആനക്കാരനെ കൊല്ലുന്ന” നീലാണ്ടൻ എന്ന ആനയും പാറുക്കുട്ടി എന്ന ഒരു പിടിയാനയും ഈ കഥയിലുണ്ട്. കൂടാതെ, ഉണ്ടക്കണ്ണനന്ദ്രൂ, കോൺസ്റ്റബിൾ പളുങ്കൻ കൊച്ചുകുഞ്ഞു, ഇൻസ്‌പെക്ടർ കടുവ മാത്തൻ, ചാത്തങ്കേരി മനക്കൽ നാരായണൻ നമ്പൂതിരിപ്പാട്, അനുജൻ ശങ്കരൻ നമ്പൂതിരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ആനവാരിയും പൊൻകുരിശും കള്ളന്മാരാണ്. “ഈ ലോകം എല്ലാവരുടേതുമായാണ്. സ്വകാര്യ ഉടമ നിഷിദ്ധം. ആർക്കും ആരുടേതും എടുക്കാം.” ഇങ്ങനെയുള്ള സമത്വ സുന്ദര ദർശനമാണ് ഇവർക്കുള്ളതെന്നാണ് ബഷീർ പറയുന്നത്. ആനവാരിയുടെ കഥ പറയുമ്പോൾ “കർത്താവിനെ തറച്ചത് മരക്കുരിശിലോ പൊൻകുരിശിലോ” എന്ന ചോദ്യം കൂടി ബഷീർ ഉയർത്തിവിടുന്നു. ഹാസ്യത്തിൽ പൊതിഞ്ഞ വരികൾക്കിടയിലൂടെ വായിച്ചാൽ ചിന്തക്ക് വകനൽകുന്ന ഒരു കൃതി.