ബഷീറിൻ്റെ 1951-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് മുച്ചീട്ടുകളിക്കാരൻ്റെ മകൾ. വലിയ നോവലുകളെക്കാളും ചെറുകഥകൾ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ബഷീർ. ഈ കൃതിയും വളരെ ഹ്രസ്വമായി രചിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ, സൈനബ, പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബഷീർ കണ്ടുമുട്ടിയതും അടുത്തറിഞ്ഞതുമായ വ്യക്തികളെയാണ് മറ്റു ബഷീർ കഥകളിലെന്നതു പോലെ ഇവിടെയും നമ്മൾ കണ്ടുമുട്ടുന്നത്. ബഷീറിൻ്റെ പ്രശസ്ത കഥാപാത്രങ്ങളായ ആനവാരി രാമന്നായരും പൊൻകുരിശ് തോമയും, എട്ടുകാലി മമ്മൂഞ്ഞും, തൊരപ്പൻ അവറാനും, ഡ്രൈവർ പപ്പുണ്ണിയുമെല്ലാം ഈ കഥയിലും വന്നു പോകുന്നുണ്ട്.
മണ്ടൻ മുത്തപയും സൈനബയും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. ‘വൺ ഐസ് മങ്കി’ ഒറ്റക്കണ്ണൻ പോക്കർ ഈ ബന്ധത്തെ എതിർക്കുന്നു. തനി ഹാസ്യത്തിൽ പൊതിഞ്ഞു ബഷീർ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള കൃതിയാണിതും.