എൻ്റെ കഥ

ente kadha cover image

മാധവിക്കുട്ടി എന്ന കമല ദാസിൻ്റെ ആത്‌മകഥയായ ഈ പുസ്‌തകം 1973 ലാണ് പ്രസിദ്ധീകരിച്ചത്. രോഗബാധിതയായി ആശുപത്രിയിൽ കിടക്കെയാണ് കമല ഈ പുസ്‌തകം എഴുതിയത്. താൻ മരണക്കിടക്കയിൽ ആണ് എന്ന ഭയമാണ് നാല്പതാം വയസ്സിൽ ഒരു ആത്‌മകഥ എഴുതാൻ അവരെ പ്രേരിപ്പിച്ചത്. പിന്നീട് കമല തന്നെ ഈ പുസ്‌തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയുണ്ടായി.

കമലയുടെ ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലൂടെ ഈ പുസ്‌തകം കടന്നുപോകുന്നു. ഗാന്ധിയരായിരുന്ന മാതാപിതാക്കളുടെ കൂടെയുള്ള കുട്ടിക്കാലവും നാലപ്പാട് തറവാട്ടിലെ അനുഭവങ്ങളും പതിനഞ്ചാം വയസ്സിലെ വിവാഹവും അവരുടെ കൽക്കട്ടയിലും ബോംബെയിലും ഡൽഹിയിലും ആയുള്ള ജീവിതവും അവരുടെ ചിന്തകളിലൂടെയും അനുഭവങ്ങളുടെയും രചിക്കപ്പെട്ടിരിക്കുന്നു.

കമലയുടെ കവിതകളിലെന്നപോലെ ഒരു തുറന്ന എഴുത്താണ് ഈ പുസ്‌തകത്തിലും. ഒരു ഏറ്റുപറച്ചിൽ. സമൂഹത്തിലെ സദാചാര നിയമങ്ങളെ വകവെക്കാത്ത പുരുഷാധിപത്യത്തിനെതിരെ ഉയരുന്ന ഒരു സ്ത്രീ ശബ്ദം ആയി കമല മാറുന്നത് ഈ പുസ്‌തകത്തിൽ കാണാം. മനുഷ്യാത്‌മാവിലോ മനുഷ്യമനസ്സിലോ അല്ലാതെ നശ്വരമായ മനുഷ്യശരീത്തിൽ അധിഷ്ഠിതമായ ഒരു സദാചാര നിയമവും കമല വകവെക്കുന്നില്ല.

സദാചാരപ്പുതപ്പിൻ്റെ കീഴിലെ ചൂടും സ്വസ്ഥയുമുള്ളൊരിടത്തു കഴിഞ്ഞു കൂടിയിരുന്നെങ്കിൽ താൻ ഒരു സാഹിത്യകാരി ആകില്ലായിരുന്നെന്ന് അവർ കരുതുന്നു. ജീവിതാനുഭവങ്ങളിൽ നിന്നും രക്ഷപ്പെടാതെ മഞ്ഞിൻ്റെ തണുപ്പും വെയിലിൻ്റെ ചൂടും അനുഭവിച്ചു സ്വയം ഒരു ബലിമൃഗം ആകുന്നതാണ് സാഹിത്യകാരൻ്റെ കടമ എന്നവർ പറയുന്നു. ആ കടമ പാലിച്ച നാലപ്പാട് ബാലാമണിയമ്മയുടെ മകളുടെ വാക്കുകൾ അനശ്വരങ്ങളാകുന്നു. സത്യസന്ധതയോടെ യാതൊന്നും മറച്ചു വെക്കാതെ എഴുതപ്പെട്ട ഈ കഥ അതുകൊണ്ടുതന്നെ തലമുറകളോട് സംവദിക്കുന്നു.

Share This Post

Get New Content Delivered Directly to your Inbox